കൊച്ചി: സംസ്ഥാന സർക്കാരിന് തിരിച്ചടി. മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് നടപടി ഹൈക്കോടതി റദ്ദാക്കി. ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനാണ് കോടതി ഉത്തരവ്. ഭരണസമിതി പിരിച്ചുവിട്ടത് നടപടിക്രമം പാലിക്കാതെ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. അഡ്മിനിസ്ട്രേറ്ററെ മാറ്റി ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കണമെന്നാണ് കോടതി നിർദ്ദേശം. നേരത്തെ സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ തിരുവനന്തപുരം മേഖല ഭരണസമിതിയംഗങ്ങൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു.
ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2026 ജൂലൈ 25നാണ് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ്റെ ഭരണസമിതിയെ പിരിച്ചുവിട്ടത്. കേരള സഹകരണ സംഘം നിയമത്തിലെ 32-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി. എൽഡിഎഫ് ഭരണസമിതിക്ക് കീഴിലായിരുന്നു തിരുവനന്തപുരം മേഖല യൂണിയൻ പ്രവർത്തിച്ചിരുന്നത്. മിൽമ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെയായിരുന്നു സർക്കാരിന്റെ നടപടി.
