തിക്കോടി പഞ്ചായത്ത് ബസാറിൽ റോഡ് തകർന്നിട്ട് മാസങ്ങൾ; കണ്ണടച്ച് അധികാരികൾ, ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു

news image
Oct 26, 2026, 1:42 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ പ്രധാന റോഡ് തകർന്ന് മാസങ്ങളായിട്ടും തിരിഞ്ഞുനോക്കാതെ അധികാരികൾ. തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്ന് തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്ക് പോകുന്ന റോഡാണ് പൂർണ്ണമായും സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്നു കിടക്കുന്നത്. മഴയും കൂടി പെയ്തതോടെ സ്ഥിതി കൂടുതൽ മോശമായി, എവിടെയൊക്കെയാണ് കുഴിയെന്നറിയാതെ ഇരുചക്ര വാഹന യാത്രക്കാർ വീഴുന്നത് പതിവായിരിക്കുകയാണ്

രാത്രികാലങ്ങളിൽ വെളിച്ചക്കുറവു കൂടിയാകുമ്പോൾ അപകടസാധ്യത ഇരട്ടിയാകുന്നു.  കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും അടി തട്ടുന്നതും യാത്ര തടസ്സപ്പെടുന്നതും ഇവിടെ പതിവാണ്

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റോഡായതിനാൽ നിരവധി വിനോദസഞ്ചാരികളും കുഴികൾ അറിയാതെ വീഴുന്ന സ്ഥിതിയാണ്.റോഡിന്റെ ദുരവസ്ഥ കാരണം പ്രദേശത്തെ വ്യാപാരികളും കാൽനടയാത്രക്കാരും പ്രയാസത്തിലാണ്.

ടൂറിസം സാധ്യതയുള്ള പ്രദേശത്തെ ഈ പ്രധാന പാതയോട് അധികാരികൾ പുലർത്തുന്ന അവഗണനയിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe