‘മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

news image
Oct 18, 2026, 11:43 am GMT+0000 payyolionline.in

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി പ്രതി സുഹൈൽ സജീവിൻ്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്. നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും നൂഹ സജീവ് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പറ്റുന്നത്ര പിന്തുണയ്ക്കും. കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങൾ പ്രചരിക്കുകയാണെന്നും നൂഹ സജീവ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് നൂഹ സജീവിൻ്റെ പ്രതികരണം.

മൂന്നു കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. അതിൽ അനുശോചനം അറിയിക്കുന്നു. സ്നേഹത്തോടെ വളർത്തി വലുതാക്കിയ മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ്. കുഞ്ഞ് നഷ്ടപ്പെടുമ്പോൾ അച്ഛനമ്മമാർക്ക് ഉണ്ടാകുന്ന വേദന തനിക്ക് മനസ്സിലാകും. തൻ്റെ വാക്കുകൾ അവരുടെ ദുഖത്തിന് കുറവാവില്ലെന്ന് അറിയാമെന്ന് നൂഹ സജീവ് പറയുന്നു.

അപകടവുമായി ബന്ധപ്പെട്ട് നിയമം നിയമപരമായി മുന്നോട്ടുപോകട്ടെ. എല്ലാം സത്യസന്ധമായി നടക്കണം. സത്യമായ വാർത്ത മാത്രം പുറത്തുവരട്ടെ. സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് അറിയാം. എല്ലാവർക്കും തങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്ന് അറിയാം. ഇത്രയും ദുഷ്കരമായ സാഹചര്യത്തിൽ തനിക്കും തൻ്റെ കുടുംബത്തിനും കുറച്ച് സ്വകാര്യത നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് നൂഹ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe