രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതൽ 71 രൂപ വരെയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി.
ഉത്തരേന്ത്യയിൽ ഉൾപ്പെടെ വിവിധ ആഘോഷങ്ങളും വിശേഷ ദിനങ്ങളും വരാനിരിക്കെയാണ് വിലകുതിച്ചുയർന്നിരിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ 2747.50 ആയിരുന്നു ഡൽഹിയിൽ ഒരു വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില. 62.50 രൂപയാണ് ഡൽഹിയിൽ വർധിച്ചത്. അതേസമയം സിലിണ്ടർ ഒന്നിന് മുംബൈയിൽ വർധിച്ചിരിക്കുന്നത് 63 രൂപയാണ്. 2701 രൂപയിൽ നിന്ന് 2764 രൂപയായി സിലിണ്ടർ വില കുതിച്ചുയർന്നു. ചെന്നൈയിൽ 65.50 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സിലിണ്ടറിന് ഇപ്പോൾ നൽകേണ്ട വില 2983 രൂപയാണ്. മുമ്പ് ഇത് 2932 രൂപയായിരുന്നു.
രാജ്യത്തെ ചിലയിടങ്ങളിൽ സിലിണ്ടർ ഒന്നിന് മൂവായിരത്തിന് മുകളിൽ രൂപയും നൽകേണ്ടതായി വരും. ലേയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,385.50 രൂപയിൽ നിന്ന് 3,450 രൂപയായി ഉയർന്നു. തവാങ്ങിൽ വില 3,073.50 രൂപയായും വർധിച്ചു. അഹമ്മദാബാദിൽ പുതിയ വില 2,831.50 രൂപയും കന്യാകുമാരിയിൽ 3,046 രൂപയുമാണ്. അതേസമയം രാജ്യത്തെ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
