അഭിമന്യു കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

news image
Sep 22, 2026, 9:55 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ്‌ അപേക്ഷയിൽ വിധി പറഞ്ഞത്.പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ, രഹസ്യവിചാരണ ഒരു തരത്തിലും അനുവദിക്കരുതെന്ന്‌ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരുന്നു.വിചാരണ റിപ്പോർട്ട്‌ ചെയ്യുകയെന്നത്‌ മാധ്യമപ്രവർത്തകരുടെ അവകാശമാണ്‌. ഇത്‌ യാതൊരു കാരണവശാലും നിഷേധിക്കാൻ പാടില്ലെന്ന്‌ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്‌ പറഞ്ഞു.

കോളേജ്‌ വിദ്യാർഥികൾ വിചാരണയ്‌ക്ക്‌ വന്നാൽ തന്നെ അവരെ നിയന്ത്രിക്കാൻ പൊലീസിനാവുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യത്തിലുള്ള പ്രതികളുടെ ചിത്രം കോടതിയിൽ വച്ച്‌ പകർത്താൻ ശ്രമിച്ചുവെന്ന വാദം ബാലിശമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.കേസിന്റെ വിചാരണ ഒക്ടോബർ 15നാണ്‌ ആരംഭിക്കുന്നത്‌. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളിയാണ്‌ ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ വിചാരണയ്‌ക്ക്‌ ഉത്തരവിട്ടത്‌. ആകെ 16 പ്രതികളാണുള്ളത്‌. 2018 ജൂലൈ രണ്ടിനാണ്‌ അഭിമന്യുവിനെ ​കൊലപ്പെടുത്തിയത്‌. സംഭവം നടന്ന്‌ എട്ടു വർഷത്തിനുശേഷമാണ്‌ വിചാരണ തുടങ്ങുന്നത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe