ന്യൂഡൽഹി: പിഎഫ് (ഇപിഎഫ്) ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നതിനുള്ള ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി കേന്ദ്രസർക്കാർ ഉയർത്തി. 11 വർഷങ്ങൾക്ക് ശേഷമാണ് ഈ പരിധി പുതുക്കുന്നത്. സെപ്റ്റംബർ 17 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനത്തിലൂടെ 51 ലക്ഷത്തോളം ജീവനക്കാർക്ക് കൂടി നിർബന്ധിത പിഎഫ് കവറേജ് ലഭിക്കും. പരിധി ഉയർത്തിയതിലൂടെ സർക്കാരിന് 11,339 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
പല സംസ്ഥാനങ്ങളിലും അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 15,000 രൂപയ്ക്ക് മുകളിലായതിനാലാണ് 2014-ൽ നിശ്ചയിച്ച പരിധി ഉയർത്താൻ തീരുമാനിച്ചതെന്നും, ഇത് ജീവനക്കാരുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിമാസം 15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിൽ ശമ്പളമുള്ളവർക്ക് ഇനിമുതൽ പിഎഫ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും. അതേസമയം, 15,000 രൂപയിൽ താഴെ ശമ്പളമുള്ള ജീവനക്കാരുടെ നിലവിലുള്ള വ്യവസ്ഥകളിൽ മാറ്റമുണ്ടാകില്ല.
