പയ്യോളി: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വേറിട്ട മാതൃകയുമായി സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും. കോട്ടക്കൽ മൊയ്ച്ചേരി നജീഷിന്റെ (40) ചികിത്സാ ഫണ്ടിലേക്കായി ഒരുദിവസത്തെ കളക്ഷൻ തുക പൂർണ്ണമായി നൽകിയാണ് മേഖലയിലെ ബസ് ജീവനക്കാർ കൈകോർത്തത്. ബസുകളിൽ ടിക്കറ്റ് നിരക്കിനേക്കാൾ കൂടുതൽ തുക നൽകി യാത്ര ചെയ്ത് നാട്ടുകാരും ഈ നന്മയ്ക്കൊപ്പം പങ്കാളികളായതോടെ ഒരൊറ്റ ദിവസം കൊണ്ട് 83,520 രൂപ സമാഹരിക്കാനായി.
കഴിഞ്ഞ ഓണക്കാലത്ത് നന്തിയിലെ ആറുവരിപ്പാത നിർമാണം നടക്കുന്ന സ്ഥലത്തുണ്ടായ ബൈക്കപകടത്തിലാണ് നജീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. നിലവിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് . അടുത്തിടെ വിവാഹിതനായ നജീഷിന്റെ തുടർചികിത്സയ്ക്കായി വലിയ തുക ആവശ്യമായി വന്നതോടെയാണ് നാടൊന്നടങ്കം സഹായ സമിതി രൂപീകരിച്ച് രംഗത്തിറങ്ങിയത്.
അയനിക്കാട് അറബിക് കോളേജ്, കൊളാവിപ്പാലം, കോട്ടക്കൽ റൂട്ടുകളിൽ നിന്ന് വടകരയിലേക്ക് സർവീസ് നടത്തുന്ന ഏഴ് ബസുകളാണ് ദിവസത്തെ വരുമാനം പൂർണ്ണമായും ചികിത്സാനിധിയിലേക്ക് നൽകിയത്. കളക്ഷൻ തുക വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി. ഹരിദാസൻ ചികിത്സാസഹായ കമ്മിറ്റി ട്രഷറർ ടി. ഉമാനാഥന് കൈമാറി. പയ്യോളി നഗരസഭാ കൗൺസിലർ പി. കുഞ്ഞാമു, പി.എൻ. അനിൽകുമാർ, എൻ.ടി. അബ്ദുറഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സഹായസമിതി വഴി നേരത്തെ 12 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നെങ്കിലും തുടർചികിത്സയ്ക്ക് ഇനിയും തുക ആവശ്യമുണ്ട്. നജീഷിനെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിലെ Moyacheri Nijeesh Chikilsa Sahaya Committee അക്കൗണ്ട് വഴിയോ (A/c No: 851021103000040, IFSC: IBKL0114PCB) ഗൂഗിൾ പേ വഴിയോ- 9895144911 സാമ്പത്തിക സഹായം എത്തിക്കാവുന്നതാണ്.
