കറന്റ് കട്ടിൽ പരിഹാരം അകലെ നിൽക്കുമ്പോൾ വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുൻകൂട്ടി ജനങ്ങളെ അറിയിക്കാൻ സംവിധാനം ഒ രുങ്ങുകയാണ്. ഓരോ ദിവസവും കറന്റ് കട്ടാകുന്ന സമയങ്ങൾ ഓരോ ഉപയോക്താവിന്റേയും മൊബൈലിലേക്ക് വരുന്ന രീതിയുള്ള സംവിധാനം ഒരുക്കാനാണ് ശ്രമം നടക്കുന്നത്.
വൈദ്യുതി മുടക്കം മുൻ കൂട്ടി അറിയാൻ ഉപഭോക്താക്കൾ, കെഎസ്ഇബി വിത്ത് യൂ എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന ഫോൺ നമ്പറിലേക്കാണ് സന്ദേശം എത്തുക. www.kseb.in എന്ന വെബ് പേജ് വഴിയും ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം. നിലവിൽ ദിവസവും രണ്ട് തവണ വീതമാണ് പവർ കട്ടുള്ളത്. 25 മിനിറ്റ് വീതമായിരിക്കും നിയന്ത്രണം. ആപ്പ് വഴിയുള്ള അലേർട്ട് സംവിധാനം തിരുവനന്തപുരം ജില്ലയിൽ പരീക്ഷിച്ചിട്ട് വിജയിച്ചതാണ്. ഇത് മറ്റ് ജില്ലകളിൽ കൂടി ഉടൻ നടപ്പിലാക്കിയേക്കും.
ഒറ്റയടിക്ക് തീർക്കാനാകുന്ന വൈദ്യതി പ്രതിസന്ധിയല്ല കേരളത്തിലുള്ളതെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഉപഭോഗം വർധിക്കുകയും, ഉൽപ്പാദനം കുറയുകയും ചെയ്തു. കൂടുതൽ വൈദ്യുതി വാങ്ങാൻ നടപടിയെടുക്കും. വൈദ്യുതി നിയന്ത്രണം തുടരുമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യമാണ്. കഴിഞ്ഞ വർഷം ഉണ്ടായിരുന്നതിനേക്കാൾ 1000 മെഗാ വാൾട്ടിന്റെ ആവശ്യം കൂടിയെന്നും മന്ത്രി വ്യക്തമാക്കി.
