മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 ആയി, 800-ലേറെ പേരെ കാണാനില്ല; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

news image
Aug 27, 2026, 5:00 am GMT+0000 payyolionline.in

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. ദുരന്തത്തിൽ 800-ലധികം പേരെ കാണാതായതായാണ് പ്രാദേശിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്. കാണാതായവരിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 466 പേർ വിനോദസഞ്ചാരികളാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള 37 പേരെക്കുറിച്ചും ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരമൊന്നുമില്ല. ടിബറ്റൻ മേഖലയിലുണ്ടായ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നുണ്ടായ ഹിമപാതമാണ് പ്രളയത്തിന് കാരണമായതെന്നാണ് വിവരം. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴും 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും തകർന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

​ദുരന്തബാധിത പ്രദേശങ്ങളിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കുമായി നോർക്ക റൂട്ട്സ് പ്രത്യേക ഹെൽപ് ലൈൻ തുറന്നു. സഹായത്തിനായി നോർക്കയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലോ, വിദേശകാര്യ മന്ത്രാലയത്തിന്റെ 0086 139 8999 0012, 0086 185 1428 4905 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. അതേസമയം, മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ ഇന്ത്യ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe