കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയ്ക്കായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടിയെ തിരഞ്ഞ് അന്വേഷണ സംഘം സംസ്ഥാനത്തിന് പുറത്തേക്കും പുറപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷനും പൊലീസിനോട് ആവശ്യപ്പെട്ടു.
വീടിന് സമീപത്തെയും തലശ്ശേരി റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ പലതവണ പരിശോധിച്ചെങ്കിലും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതേത്തുടർന്നാണ് മൈസൂരു ഉൾപ്പെടെയുള്ള ഇതര സംസ്ഥാന നഗരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. നിർണായക തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തലശ്ശേരി എസ്.പി സ്ക്വാഡിനും ചൊക്ലി പൊലീസിനും പുറമെ എസ്.ഐ.ടി രൂപീകരിച്ചത്. 3000 രൂപയും വസ്ത്രങ്ങളുമായി കാശിയിലേക്ക് പോകുന്നു എന്ന് കുറിപ്പെഴുതിവെച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്. അമിത മൊബൈൽ ഗെയിം ഉപയോഗം തടഞ്ഞതിനെ തുടർന്നായിരുന്നു ഇത്. കുട്ടിയെ കണ്ടെത്തുന്നതിൽ വൈകുന്നതിൽ കുടുംബവും പ്രദേശവാസികളും വലിയ ആശങ്കയിലാണ്.
