ബെംഗളൂരു കെ.എസ്.ആർ.ടി.സി ബസ് അപകടം: വിൻഡ് സ്ക്രീനിൽ മുട്ടയേറ് ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

news image
Aug 14, 2026, 10:35 am GMT+0000 payyolionline.in

തിരുവനന്തപുരം: ബെംഗളൂരു കെഎസ്‌ഐർടിസി ബസ്സ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറുമടക്കം മരിച്ച സംഭവത്തിൽ മുട്ടയേറ് ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി സി പി ജോൺ. കഴിഞ്ഞ ദിവസം മറ്റൊരു കെഎസ്ആർടിർസി ബസിന് നേരെ അപകടം നടന്ന സഥലത്ത് വെച്ച് മുട്ട എറിഞ്ഞ് കവർച്ചയ്ക്ക് ശ്രമം നടന്നതിന് പിന്നാലെയാണ് മുമ്പ് നടന്ന അപകടത്തിലും സമാന സംശയം ഉയർന്നത്. വിഷയം ഗൗരവകരമാണെന്നും അപകടത്തിൽ പൊലീസിൽ പരാതി നൽകി എന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി കർണാടക പൊലീസിൽ പരാതി നൽകി. ബെംഗളൂരു ഡിപ്പോയിലെ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിട്ടുണ്ട്. മുട്ടയുടെ അംശം കണ്ടെത്തിയെന്ന വാർത്തകൾ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അപകടത്തിൽ പെട്ട ബസ്സിന് മുട്ട ഏറ് ഉണ്ടായിട്ടുണ്ടോ എന്ന് സ്ഥിരികരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ അപകടത്തിൽ മരിച്ച മിഥിലേഷിന് 16 മണിക്കൂറോളം വിശ്രമം ഉണ്ടായിരുന്നു. ഡ്രൈവർ കം കണ്ടക്ടർ എല്ലായിടത്തും പറ്റില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം എല്ലാ ഡിപ്പോകളിലും ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റി നിലവിൽ വന്നെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഓരോ ഡിപ്പോയിലെയും ചെറിയ പ്രശ്‌നങ്ങൾ അവർ പരിഹരിക്കും. മേജർ പ്രശ്‌നങ്ങൾ സർക്കാർ പരിഹരിക്കും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ കെടിഡിഎഫ്‌സിയുടെ ബിൽഡിംഗ് ആണെന്നും കെഎസ്ആർടിസിയുടെ കെട്ടിടമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് കേസ് നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ട് കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും സി പി ജോൺ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ കർണാടകയിലെ വിടുതി എന്ന സ്ഥലത്ത് വെച്ച് കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായിരുന്നു. കെഎസ്ആർടിസി കാസർകോട് യൂണിറ്റിലെ എടിസി 142 ഡീലക്‌സ് ബസിന്റെ മുൻവശത്തെ ഗ്ലാസിലേക്കാണ് അജ്ഞാതർ മുട്ടയെറിഞ്ഞത്. ഇതേതുടർന്ന് ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടുകയും ബസ് വലിയ അപകടത്തിൽപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഈ പ്രദേശത്തിന് വെറും രണ്ട് കിലോമീറ്റർ മാത്രം ചുറ്റളവിലാണ് ഓഗസ്റ്റ് എട്ടിന് കെഎസ്ആർടിസി ബസ് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തത്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇതേ സ്ഥലത്ത് സമാനമായ അപകടസാഹചര്യം ഉണ്ടായതാണ് അട്ടിമറി സംശയങ്ങൾക്ക് ഇടയാക്കിയത്.

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി അടിയന്തരമായി ഇടപെട്ട് സമഗ്ര അന്വേഷണത്തിന് ഇന്നലെ നിർദേശം നൽകിയത്. ഇതിനു പിന്നാലെ കെഎസ്ആർടിസി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ യാത്രാവഴി, ആക്രമണം നടന്ന സ്ഥലം, സമീപകാലത്ത് അവിടെയുണ്ടായ സമാന സംഭവങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുമെന്നും, അട്ടിമറി നടന്നതായി കണ്ടെത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe