ആലപ്പുഴ: ചേർത്തലയിൽ ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണവും വൻതോതിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ചേർത്തല തണ്ണീർമുക്കം വടക്ക് വില്ലേജിൽ മരുത്തോർവട്ടം ഐക്കരശ്ശേരി വെളി വീട്ടിൽ നാരായണൻറെ മകൻ ദിനീഷ് എൻ ആണ് അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. ഇയാളിൽ നിന്ന് 21 ഗ്രാം എംഡിഎംഎ, 5.12 ഗ്രാം കഞ്ചാവ്, ലഹരി വിൽപ്പനയിലൂടെ സമാഹരിച്ച 3,64,500 രൂപ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു.
ദേശീയപാത 66-ലെ പതിനൊന്നാം മൈൽ ജംഗ്ഷന് സമീപമുള്ള ഭജനമഠം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദിനീഷിൻറെ വീടിൻറെ പ്രവേശനമുറിയിൽ നിന്നാണ് മയക്കുമരുന്നും പണവും കണ്ടെടുത്തത്. സംഭവത്തിൽ എക്സൈസ് കേസെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മറ്റ് ഉദ്യോഗസ്ഥരും പങ്കാളികളായി.
