ഓണത്തിന് നാട്ടിലേക്ക് മടങ്ങാൻ വൻ ആശ്വാസം: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസുകൾ

news image
Aug 14, 2026, 10:29 am GMT+0000 payyolionline.in

ബംഗലൂരു: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 കെഎസ്ആർടിസി (കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ബസുകൾ സർവീസ് നടത്തുമെന്ന് കർണാടക ഗതാഗത മന്ത്രിയുടെ ഉത്തരവ്. ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാനാണ് പ്രത്യേക ബസുകൾ അനുവദിച്ചിരിക്കുന്നത്. കർണാടക ഗതാഗത മന്ത്രി ബി എസ് ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എം പി നൽകിയ നിർദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം. ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ലാത്തതും സ്വകാര്യ ബസുകളിൽ അമിത നിരക്ക് ഈടാക്കുന്നതും യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാകുന്നത് തിരിച്ചറിഞ്ഞാണ് എംപിയുടെ ഇടപെടൽ. ആദ്യം പ്രഖ്യാപിച്ചിരുന്നത് 60 ബസുകളായിരുന്നു.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസർകോട് എന്നീ പ്രധാന ജില്ലകളിലേക്കാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോകുന്നവർക്കായി ഈ മാസം 21 മുതൽ 25 വരെയാണ് കർണാടകയിൽ നിന്നുള്ള കേരളത്തിലേക്കുള്ള സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തുടർന്ന്, ഇവിടങ്ങളിൽ നിന്ന് കർണാടകയിലേക്ക് തിരികെ പോകേണ്ടവർക്കായി 27 മുതൽ 30 വരെയുള്ള ദിവസങ്ങളിലും മടക്ക സർവീസുകളും ലഭ്യമാക്കിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe