ലഹരിമരുന്ന് കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാം, സോഷ്യൽ മീഡിയ ടീമോ കോ-ഓർഡിനേറ്ററോ ഇല്ല- വി.ഡി. സതീശൻ

news image
Aug 13, 2026, 10:00 am GMT+0000 payyolionline.in

തിരുവനന്തപുരം: കാസർകോട് എം.ഡി.എം.എ. കേസിൽ അറസ്റ്റിലായവർക്ക് താനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരെ തനിക്ക് നേരിട്ട് അറിയാമെന്നും എന്നാൽ, ഇവരുടെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിഞ്ഞത് ഇപ്പോഴത്തെ അറസ്റ്റോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഹുസൈനെ പോലീസ് മർദ്ദനത്തെ തുടർന്നാണ് താൻ ആദ്യമായി വിളിക്കുന്നതെന്ന് സതീശൻ പറഞ്ഞു. നവകേരള സദസ്സിനിടെ പെരുമ്പാവൂർ കുറുപ്പംപടി എം.ജി.എം സ്കൂളിന് മുന്നിൽവെച്ചുണ്ടായ പോലീസ് ലാത്തിച്ചാർജിൽ മുഹമ്മദ് ഹുസൈന് പരിക്കേറ്റിരുന്നു. അന്ന് പരിക്കേറ്റ മറ്റു പ്രവർത്തകരെ വിളിച്ചതുപോലെ ഹുസൈനെയും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

ഫോണിൽ വിളിച്ചപ്പോൾ എപ്പൊഴെങ്കിലും വീട്ടിൽ വരാം എന്ന് പറഞ്ഞിരുന്നു. പിന്നീട് വെങ്ങോല പഞ്ചായത്തിലെ ഒരു പരിപാടിക്കിടെ എം.എൽ.എയുടെയും പാർട്ടി ഭാരവാഹികളുടെയും നിർദ്ദേശപ്രകാരമാണ് ഹുസൈന്റെ വീട് സന്ദർശിച്ചത്. നേരത്തെ വാക്ക് നൽകിയിരുന്നതിനാലാണ് സന്ദർശനം നടത്തിയത്. ഇതിന് ശേഷം മൂന്നോ നാലോ തവണ പലയിടങ്ങളിൽവെച്ച് ഹുസൈൻ തന്നെ കാണാൻ വന്നിട്ടുണ്ടെന്നും പോലീസ് മർദ്ദനമേറ്റ പ്രവർത്തകൻ എന്ന നിലയിലുള്ള പരിഗണന മാത്രമാണ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഹമ്മദ് ഹുസൈൻ തന്റെ സോഷ്യൽ മീഡിയ കൈകാര്യംചെയ്യുന്ന ആളാണെന്ന ആരോപണവും സതീശൻ തള്ളി. തനിക്ക് നിലവിൽ സോഷ്യൽ മീഡിയ ടീമോ കോർഡിനേറ്ററോ ഇല്ല. പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും സോഷ്യൽ മീഡിയ ടീമില്ല. ഇപ്പോഴും ഇല്ല. ഓരോരുത്തർ പല ഗ്രൂപ്പുകളിലും അംഗങ്ങളാകുന്നതിൽ തനിക്ക് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായവർക്ക് ലഹരിമരുന്ന് ബന്ധമുള്ള കാര്യം പാർട്ടിക്കാർക്കോ പൊതുജനങ്ങൾക്കോ അറിവില്ലായിരുന്നുവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe