കണ്ണൂർ: അർജുൻ ആയങ്കിക്ക് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിംഗിലൂടെ 16,000 രൂപ ലഭിച്ചെന്ന് സഹോദരൻ അജയ് ആയങ്കി. നിയമനടപടികൾക്കായി ഈ പണം ഒരു സുഹൃത്തിന് കൈമാറിയെന്നും അജയ് മൊഴി നൽകി.കോഴിക്കോട് നടക്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്.
നിരവധി കേസുകളിൽ പ്രതിയും ഒളിവിൽ കഴിഞ്ഞ ആളുമായ അർജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അജയ് ക്രൗഡ് ഫണ്ടിങ് നടത്തിയെന്നാണ് എഫ്ഐആറിൽ പൊലീസ് പറയുന്നത്. ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവ് ബ്ലിൻകിറ്റ് എന്ന സ്ഥാപനത്തിന് മുന്നിൽ വെച്ച് നിയമാനുസരണം മുൻകരുതലായി അറസ്റ്റ് ചെയ്തു എന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
അതേസമയം, ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാകും അനുഭവം. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ഒളിവിലായിരുന്ന ക്രിമിനൽ കേസിലെ പ്രതി അർജുൻ ആയങ്കിയുടെ അറസ്റ്റിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കേരളം ഗുണ്ടകളുടെ നാട് അല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും മനഃപ്പൂർവം പ്രശ്നമുണ്ടാക്കുന്നവർ ആരായാലും കർശന നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലേക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.
