തൃശൂർ: പുതുക്കാട് ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം. ദേശീയപാത 544-ൽ പുതുക്കാട് സിഗ്നലിനുസമീപമുണ്ടായ ബൈക്ക് അപകടത്തിൽ പട്ടാമ്പി തിരുമിറ്റക്കോട് മേലേതിൽ റിജാസ് (22) മരിച്ച സംഭവത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് നടന്ന അപകടത്തിൽ ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ, പിന്നാലെ വന്ന മിനി ലോറി മനഃപൂർവം ഇടിക്കുകയായിരുന്നുവെന്ന് മുന്നിൽ പോയിരുന്ന കാറിന്റെ റിയർ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വ്യ ക്തമാക്കുന്നതായി റിജാസിന്റെ പിതാവ് മാനു പറഞ്ഞു.
അപകടത്തിന് 15 മിനിറ്റ് മുൻപ് ലോറി ഡ്രൈവറും റിജാസുമായി സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായിരുന്നതായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുഹൃത്ത് പറഞ്ഞെന്നും മാനു ചൂണ്ടിക്കാട്ടി. നിസാര വാക്കുതർക്കത്തിന്റെ പേരിൽ മകനെ കൊലപ്പെടുത്തുകയെന്ന ഗുരുതര കുറ്റമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൃശൂർ റൂറൽ എസ്പിക്ക് കുടുംബം പരാതി നൽകി.
