നന്തി-കടലൂർ റെയിൽവേ അടിപ്പാത അനുവദിക്കണം: കെ.എസ്.കെ.ടി.യു മേഖല സമ്മേളനം

news image
Aug 2, 2026, 12:04 pm GMT+0000 payyolionline.in

നന്തി: കടലൂർ-കോടിക്കൽ കടലോര മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് നന്തി ടൗണുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ നന്തി-കടലൂർ റെയിൽവേ അടിപ്പാത അടിയന്തരമായി അനുവദിക്കണമെന്ന് കെ.എസ്.കെ.ടി.യു നന്തി മേഖല സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങി യാത്ര ചെയ്യേണ്ട ദുരിത സാഹചര്യത്തിന് പരിഹാരം കാണാൻ അടിപ്പാത നിർമാണം അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

നന്തി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ (കെ.വി. രാഘവൻ നഗർ) സമ്മേളനം കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം സി.എം. ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുധാകരൻ കസ്തൂരി അധ്യക്ഷത വഹിച്ചു. വി.കെ. രവീന്ദ്രൻ പതാക ഉയർത്തി. സിന്ധു കാട്ടിൽ രക്തസാക്ഷി പ്രമേയവും ടി.പി. പുരുഷോത്തമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുധാകരൻ കസ്തൂരി, സിന്ധു കാട്ടിൽ, പി.എം. ശ്രീലത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.

മേഖലാ സെക്രട്ടറി വി.കെ. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി എൻ.സി. മുസ്തഫ, പ്രസിഡന്റ് ഒ. രഘുനാഥ്, എൻ.വി. രാമകൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി.എം. ശ്രീലത സ്വാഗതവും ടി.പി. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു:

പ്രസിഡന്റ്: സിന്ധു കാട്ടിൽ

സെക്രട്ടറി: സുധാകരൻ കസ്തൂരി

വൈസ് പ്രസിഡന്റ്: ടി.പി. പുരുഷോത്തമൻ

ജോയിന്റ് സെക്രട്ടറി: പി.എം. ശ്രീലത

9 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉൾപ്പെടെ 21 അംഗ മേഖല കമ്മിറ്റിയെയും, 19 അംഗ ഏരിയ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe