കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു, വിവിധ സർവ്വകലാശാല പരീക്ഷകളും മാറ്റി, പിഎസ്‍സി പരീക്ഷ എഴുതാൻ വീണ്ടും അവസരം

news image
Aug 1, 2026, 1:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ (ആഗസ്റ്റ് 2) നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എംജി സർവ്വകലാശാല തിങ്കളാഴ്ച (ഓഗസ്റ്റ് 3) നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നാളത്തെ (ആഗസ്റ്റ് 2) എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

അതേസമയം, ഇന്ന് പരീക്ഷ എഴുതാൻ കഴിയാത്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് പിഎസ്‍സി അറിയിച്ചു. കനത്തമഴയും പ്രകൃതിക്ഷോഭവും കാരണം വിവിധ തസ്‌തികകളിലേക്കുള്ള പത്താം തരം പൊതുപ്രാഥമിക പരീക്ഷയിൽ (മൂന്നും നാലും ഘട്ടങ്ങൾ) പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2026 ആഗസ്റ്റ് 22 ന് നടത്തുന്ന അവസാന ഘട്ട പരീക്ഷയിൽ പങ്കെടുക്കുന്നതിന് അവസരം നൽകുമെന്നാണ് പിഎസ്‍സി അറിയിച്ചത്. ഇതിനായി തുടർന്ന് പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കായികക്ഷമതാ പരീക്ഷ മാറ്റി വെച്ചു
വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 212/2025, 213/2025, 214/2025-തസ്‌തികമാറ്റം മുഖേന, 254/2025-ഈഴവ/തിയ്യ/ബില്ലവ, 255/2025-ഒ.ബി.സി.) തസ്‌തികയുടെ തെരഞ്ഞെടുപ്പിലേക്ക് 2026 ഓഗസ്റ്റ് മാസം 4, 5 തീയതികളിൽ ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe