പയ്യോളി: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി തയ്യാറാവണമെന്ന് പയ്യോളി നഗരസഭ വൈസ് ചെയർപേഴ്‌സൺ മുജേഷ് ശാസ്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൺസ് യൂണിയൻ (ഐ.ആർ.എം.യു.) പയ്യോളി മേഖല കൺവെൻഷനും മാധ്യമപ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യോളി പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഐ.ആർ.എം.യു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ദേവരാജ് കന്നാട്ടി, ജില്ലാ സെക്രട്ടറി എ.പി. സതീഷ്, ട്രഷറർ കെ.ടി.കെ. റഷീദ്, രഘുനാഥ് പുറ്റാട്, സി.എ. റഹ്മാൻ എന്നിവർ സംസാരിച്ചു. ടി.എ. ജുനൈദ് സ്വാഗതവും റയീസ് മലയിൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ യൂണിയൻ അംഗങ്ങൾക്കായി ഏർപ്പെടുത്തിയ മൂന്ന് ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷയുടെ ഫോം വിതരണവും നടന്നു.
മേഖല ഭാരവാഹികളായി ടി.എ. ജുനൈദ് (പ്രസിഡന്റ്), റയീസ് മലയിൽ (ജനറൽ സെക്രട്ടറി), സി.എ. റഹ്മാൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
