കോഴിക്കോട്: നഗരമധ്യത്തിൽ യുവാവിനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുവായ യുവാവ് പോലീസ് കസ്റ്റഡിയിൽ. പാളയം പുതിയ കോവിലകം പറമ്പ് നഗറിൽ ബിജു (38) കൊല്ലപ്പെട്ട കേസിൽ മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22-കാരനാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള യുവാവിനെ മുൻപ് മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ബിജുവും ബന്ധുക്കളും ചേർന്ന് ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിജുവിന്റെ ഫോൺ, സ്കൂട്ടറിന്റെ താക്കോൽ, മുറിയുടെ താക്കോൽ എന്നിവ പ്രതിയെന്ന് സംശയിക്കുന്നയാൾ കൈക്കലാക്കിയിരുന്നു. കൊലപാതകത്തിന് ശേഷം ബിജുവിന്റെ മൃതദേഹം പാളയത്തെ തറവാട്ടു വീട്ടിലെത്തിച്ചപ്പോഴും കസ്റ്റഡിയിലുള്ള യുവാവ് അവിടെയെത്തിയിരുന്നു. ഇയാളുടെ കൈകളിലെ പരിക്കും പ്രദേശത്തെ സി.സി.ടി.വി. (CCTV) ദൃശ്യങ്ങളുമാണ് കേസിൽ നിർണായക വഴിത്തിരിവായത്.
തലയ്ക്കു പിന്നിലും കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കി. ശരീരത്തിൽ ആകെ 45 മുറിവുകളും കഴുത്തിൽ മാത്രം 18 കുത്തുകളുമുണ്ട്. കറിക്കത്തി പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് അനുമാനം. അതേസമയം, കൊലപാതകത്തിന് പിന്നിൽ ലഹരിസംഘമാണെന്ന കുടുംബത്തിന്റെ ആരോപണം പോലീസ് നിലവിൽ തള്ളിയിട്ടുണ്ട്. ബിജുവിന്റെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പും കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്ന ലഹരിസംഘങ്ങൾക്കെതിരെ ബിജു പ്രതികരിക്കാറുണ്ടായിരുന്നു. പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വഴി വിവരങ്ങൾ കൈമാറിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. എന്നാൽ ബന്ധുവിന്റെ മുൻവൈരാഗ്യമാണ് കൊലപാതകത്തിന് വഴിവെച്ചതെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
