കോഴിക്കോട് : കൊളത്തറയിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ 16.220 കിലോ തൂക്കം വരുന്ന കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. സംഭവത്തിൽ ബിഹാർ സ്വദേശി പിടിയിലായി. ബിഹാർ മധുബനി ജില്ലയിലെ ഝാഞ്ചാചാർപുർ സ്വദേശി അസ്ലം അൻസാരിയെ (35) ആണ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 9.55 ന് കൊളത്തറ കണ്ണാട്ടിക്കുളം റോഡിലുള്ള ക്രസന്റ് ബസാറിലെ ഒരു കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഈ കെട്ടിടത്തിലെ ഒരു കടമുറിയോടു ചേർന്നുള്ള നമ്പർ ഇല്ലാത്ത മുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. 16.220 കിലോ തൂക്കം വരുന്ന 3,140 കഞ്ചാവ് മിഠായികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
ഇതരസംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വിൽപന നടത്താനാണ് ഇവ എത്തിച്ചതെന്നാണ് സൂചന. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരത്തിൽ കൂടിയ അളവിൽ ലഹരി അടങ്ങുന്ന മിഠായികൾ പായ്ക്ക് ചെയ്ത രൂപത്തിൽ എത്തുന്നതെന്നാണ് വിവരം. ട്രെയിൻ മാർഗവും ചരക്കുലോറികളിലും മറ്റുമാണ് വർണ കടലാസുകളിൽ പൊതിഞ്ഞ ഇത്തരം മിഠായികൾ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് എത്തിക്കുന്നത്. സംസ്ഥാനത്തെ ചില സ്കൂളുകൾക്ക് സമീപമുളള ചെറിയ കടകളിലൂടെ ഇവ വിൽക്കുന്നത് മുൻപ് കണ്ടെത്തിയിരുന്നു. കൊളത്തറയിൽ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ഊർജിതമാക്കി.
കോഴിക്കോട് എക്സൈസ് ഇൻസ്പെക്ടർ എസ്.ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ എൻ.എസ്.സുനീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.ഷാഫി, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് സി.പി.ഷാജു, ദീൻദയാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.അജിത്, വി.എസ്.ആശിൽദ്, കെ.എം.പ്രശാന്ത്, പി.പി.ജിത്തു എന്നിവരും പങ്കെടുത്തു.
