താമരശ്ശേരി: താമരശ്ശേരിയിൽ ഒൻപത് ഗ്രാമിലധികം മാരക ലഹരിമരുന്നായ ഹെറോയിനുമായി അസം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. താമരശ്ശേരിക്കടുത്ത് പള്ളിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി ലോത്തു റഹ്മാനെയാണ് താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
പള്ളിപ്പുറത്തെ വാടക വീട്ടിൽ എക്സൈസ് സംഘം നടത്തിയ അടിയന്തര പരിശോധനയിലാണ് 9.319 ഗ്രാം ഹെറോയിൻ കണ്ടെടുത്തത്. ഇയാൾ അടുത്തിടെയാണ് ഈ പ്രദേശത്ത് മുറി വാടകയ്ക്കെടുത്ത് താമസം തുടങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.പി. വിപിൻ, പ്രിവന്റിവ് ഓഫീസർ ടി.ബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.എസ്. ലതമോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.കെ. മുഹമ്മദ് ഷാഹുൽ, അതുൽ, എക്സൈസ് ഡ്രൈവർ വി.കെ. വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
