കോഴിക്കോട്: വാഹനാപകടത്തിൽ മേൽപ്പാതയിൽ നിന്നും താഴെയുള്ള അപ്രോച്ച് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദർസ് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ അഹമ്മദ് അൽ സാബിത്ത്(17) ആണ് മരിച്ചത്. അരയിടത്തുപാലം മേൽപാതയിൽ വെച്ച് കാറും ബൈക്കുകളും കൂട്ടിയിടിച്ചാണ് സാബിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.
രണ്ട് ബൈക്കുകളും ഒരു കാറും കൂട്ടിയിടിക്കുകയായിരുന്നു. പാലാഴി ഹിദായ ദർസിലെ വിദ്യാർത്ഥിയാണ് സാബിത്ത്. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സാബിത്ത് ഇടിയുടെ ആഘാതത്തിൽ പാലത്തിൽ നിന്നും തെറിച്ച് താഴെയുള്ള റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് റബീൽ അടക്കം പരിക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
