വീണയുടെ മൊഴികളിൽ വ്യക്തതയില്ല, പൊരുത്തക്കേടും; അന്വേഷണം വ്യാപിപ്പിക്കാൻ ഇ ഡി

news image
Jun 26, 2026, 4:41 am GMT+0000 payyolionline.in

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇത് മൂന്നാം തവണയാണ് വീണയെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. രണ്ട് തവണ ചോദ്യം ചെയ്തിട്ടും വീണയുടെ മൊഴികളിൽ വ്യക്തതയില്ലെന്ന് ഇ ഡി സംഘം പറയുന്നു. 2.78 കോടി രൂപയുടെ വിനിയോഗത്തിൽ അടക്കം വ്യക്തത വന്നിട്ടില്ല. സിഎംആർഎൽ ഉന്നതരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നുമാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.

ചോദ്യം ചെയ്യലിനായി വീണയോട് അടുത്തയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആർഎൽ ഉന്നതരെയും വീണ്ടും ചോദ്യം ചെയ്യും. വീണയുടെ സ്വത്തുക്കൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ഇ ഡി ശേഖരിക്കുന്നുണ്ട്.

കേസിൽ അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇ ഡി. വീണയും സിഎംആർഎല്ലും തമ്മിൽ കരാർ തരപ്പെട്ടത് എങ്ങനെയെന്നാണ് അന്വേഷണം. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് എന്തെങ്കിലും ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്നും അതിന്റെ പ്രത്യുപകാരമാണോ കരാർ എന്നും പരിശോധിക്കുന്നുണ്ട്.

ഇന്നലെയായിരുന്നു വീണയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ. ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. എസ്എഫ്‌ഐഒയിൽ നിന്ന് ശേഖരിച്ച നിർണായക രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. 134 രേഖകളാണ് ഇ ഡിയ്ക്ക് എസ്എഫ്ഐഒയിൽ നിന്നും ലഭിച്ചത്. വീണയും എക്സാലോജിക്കും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറുകളും വീണയുടെ ഐടി റിട്ടേണും വിശദമായ മൊഴിപ്പകർപ്പും അടക്കമുള്ള അതീവ രഹസ്യ രേഖകളാണ് ഇപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസിയുടെ കൈകളിൽ എത്തിയിരിക്കുന്നത്.

വീണ ടിയുടെ എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കർ ഇഡി ഉദ്യോഗസ്ഥർ തുറന്ന് പരിശോധിച്ചിരുന്നു. നേരത്തെ ഈ അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു വീണയെ ബാങ്കിൽ വിളിച്ചുവരുത്തിയുള്ള പരിശോധന. ഇതിന് പിന്നാലെ രണ്ടാംവട്ടം ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണയ്ക്ക് സമൻസ് അയക്കുകയായിരുന്നു.

നേരത്തെ സിഎംആർഎൽ എം ഡി ശരൺ എസ് കർത്തയെയും ജയ എസ് കർത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ. എംപവർ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യൽ. ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആർഎൽ ഡയറക്ടറായ ഷിബി, സിഎംആർഎല്ലുമായി ബന്ധമുള്ള നിപുണ ഇന്റർനാഷണൽസിന്റെ പ്രധാനചുമതല കൂടി വഹിക്കുന്നുണ്ട്. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപ്പട്ടികയിൽ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റർനാഷണൽ.

സിഎംആർഎൽ കമ്പനിയും വീണ ടിയുടെ ഉടമസ്ഥതയിലുളള ‘എക്സാലോജിക് സൊല്യൂഷൻസ്’ എന്ന ഐടി കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. എക്സാലോജിക് നൽകിയ ഐടി സേവനങ്ങൾക്കുളള പ്രതിഫലമെന്ന നിലയിൽ 2017 മുതൽ 2020 വരെയുളള കാലയളവിൽ സിഎംആർഎൽ 1.72 കോടി രൂപ നൽകിയെന്നും എന്നാൽ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുളള ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങൾക്ക് ആധാരമായത്. തുടർന്ന് എസ്എഫ്ഐഒ ഈ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെയാണ് ഇ ഡിയും കേസ് രജിസ്റ്റർ ചെയ്തത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe