‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’: പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

news image
Jun 18, 2026, 3:49 am GMT+0000 payyolionline.in

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ. പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി റദ്ദാക്കണം എന്നാണ് പൊതുതാൽപര്യ ഹർജിയിലെ ആവശ്യം. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. സർക്കാരിനായി അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകും.

ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് എന്നാണ് ഹർജിക്കാരന്റെ വാദം. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവർഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യതയെന്നും ഇത് താങ്ങാൻ പറ്റാത്ത ഭാരമാകുമെന്നുമാണ് പൊതുതാൽപര്യ ഹർജിയിലെ വാദം.

പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ആരോപണമുണ്ട്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീർപ്പാകുന്നത് വരെ പദ്ധതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. പൊതുതാൽപര്യ ഹർജി പരിഗണിക്കരുതെന്ന് അഡ്വക്കറ്റ് ജനറൽ ജാജു ബാബു ആവശ്യപ്പെട്ടേക്കും.

ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര നടന്നത്. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവർ ഷീലയായിരുന്നു ഉദ്ഘാടന സർവീസിന്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിഐപികൾ ബസിൽ യാത്ര ചെയ്തു. തൃശ്ശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി കാട്ടി.

3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. സൗജന്യ യാത്രയ്ക്കായി സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡോ രജിസ്‌ട്രേഷനോ ആവശ്യമില്ല. പ്രായമുൾപ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിച്ചതിനാൽ വിദ്യാർത്ഥിനികൾക്ക് ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ ഇനി കൺസെഷൻ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയിട്ടുണ്ടാകും. ഇതിന് പുറമേ സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe