ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ യോഗ്യരല്ല: കെ സി വേണുഗോപാൽ

news image
Jun 15, 2026, 11:35 am GMT+0000 payyolionline.in

തിരുവനന്തപുരം: ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ യോഗ്യരല്ലെന്ന് കെ സി വേണുഗോപാൽ എംപി. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിന് കുഴലൂതുന്ന സംസ്‌കാരത്തെ വളരാനോ വളർത്താനോ അനുവദിക്കില്ലെന്നും ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല. സ്വയം രാജിവെച്ച് ഗവർണറുടെ സംരക്ഷണയിൽ നിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് മൂവർക്കും നല്ലതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മൂവരും അടിയന്തരമായി കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച്, ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കുകയാണ് വേണ്ടതെന്നും വേണുഗോപാൽ വിമർശിച്ചു.

മോഹൻ ഭാഗവതിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഓർക്കണം. ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്‌കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ല. എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളിൽപ്പേറുന്നതെന്നും അല്ലാതെ, വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്‌നേഹികളുടെ ചോരയല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe