കണ്ണൂർ: കെഎസ്ആർടിസി പ്രിയദർശിനി സൗജന്യയാത്രാ ജില്ലാതല ഉദ്ഘാടനത്തിലേക്ക് കണ്ണൂർ മേയർ പി ഇന്ദിരയ്ക്കും ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനും ക്ഷണമില്ലെന്ന് പരാതി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്നാണ് പരാതി. സംഭവത്തിൽ മേയർ പി ഇന്ദിര കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
അഡ്വ. ടി ഒ മോഹനൻ ആയിരുന്നു പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചത്. വനിതകൾക്കുള്ള സൗജന്യയാത്രയായിട്ടും വനിതാ മേയറായ തന്നെ ക്ഷണിച്ചില്ലെന്ന അതൃപ്തി മേയർക്കുണ്ടെന്നാണ് വിവരം. സംഭവത്തിൽ മേയർ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. കൗൺസിലർമാർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
അതിനിടെ തിരൂരങ്ങാടി മണ്ഡലത്തിൽ പദ്ധതിയുടെ ഫ്ളാഗ് ഓഫ് നടത്തിയതിൽ പോരായ്മയുണ്ടായതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. തുടർന്ന് സമാന്തരമായി യൂത്ത് കോൺഗ്രസ് ഫ്ളാഗ് ഓഫ് നടത്തി. ലീഗ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിക്ക് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളക്സ് പോലും വയ്ക്കാതെ അവഹേളിക്കുന്ന രീതിയാണുണ്ടായതെന്നും അവഹേളനങ്ങൾ ഉണ്ടായാൽ തിരുത്തി മുന്നോട്ടു പോകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനമെന്നുമാണ് സംഘടന വ്യക്തമാക്കിയത്. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഉള്ള മുൻകരുതലാണ് സമാന്തര പ്രതിഷേധമെന്നും യൂത്ത് കോൺഗ്രസ് പ്രതികരിച്ചു.
