പത്തനംതിട്ട: അടൂരിൽ കെഎസ്ആർടിസി ജീവനക്കാരൻ സ്ത്രീയെ മർദ്ദിച്ചതായി പരാതി. ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിന് എത്തിയ സ്ത്രീയെയാണ് കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചത്. അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. അന്ധനായ വ്യക്തിക്കൊപ്പമായിരുന്നു സ്ത്രീയെത്തിയത്. ബസ് സ്റ്റാൻഡിൽ കാത്ത് നിന്നവരോട് സ്ത്രീ സഹായം അഭ്യർത്ഥിച്ചപ്പോൾ വടികൊണ്ട് അടിച്ചു എന്നാണ് പരാതി. ആർ വേണു എന്ന ജീവനക്കാരനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സ്ത്രീയ്ക്ക് നേരെ കെഎസ്ആർടിസി ജീവനക്കാരൻ വടി വീശുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സ്ത്രീ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വടികൊണ്ട് അടിച്ചുവെന്നും സ്ഥലത്ത് നിന്ന് ഓടിച്ചുവിട്ടെന്നുമാണ് പരാതിയിൽ പറയുന്നത്. സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം ബസ് സ്റ്റാൻഡ് പരിസരം ഭിക്ഷാടന നിരോധന മേഖലയാണെന്നും അതുകൊണ്ട് മാറ്റിനിർത്തുകയാണ് ചെയ്തതെന്നുമാണ് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞത്. സ്ത്രീയെ മർദ്ദിച്ചിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.
ആന്ധ്രാപ്രദേശ് സ്വദേശികളാണ് സ്ത്രീയും പുരുഷനും. കഴിഞ്ഞ കുറേ നാളായി ഇവർ കേരളത്തിലുണ്ട്. നിലവിൽ ആലപ്പുഴയിലെ താമരക്കുളത്താണ് ഇരുവരും താമസിക്കുന്നത്. പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
