കോഴിക്കോട്: കുറ്റ്യാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരനെ ഇടിച്ചുണ്ടായ അപകടത്തിൽ പതിനാറുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വടയം ചുണ്ടേമ്മൽ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (16) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം നടന്നത്.
ബൈക്കിന്റെ പിൻസീറ്റിൽ സഞ്ചരിക്കുകയായിരുന്നു മുഹമ്മദ്. അപകടം നടന്ന ഉടൻ തന്നെ മുഹമ്മദിനെ ആദ്യം താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഇടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ബൈക്ക് ഓടിച്ചിരുന്ന വ്യക്തി കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
