കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവർ വഴിയായിരുന്നു അതിജീവിത പുതിയ ഹർജി ഫയൽ ചെയ്തത്.
മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധന പുറത്തെത്തിച്ചത് റിപ്പോർട്ടർ ടിവിയായിരുന്നു. പീഡന ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിൽ മൂന്ന് തവണയാണ് നിയമവിരുദ്ധ പരിശോധന നടന്നത്. 2018 ജനുവരി 9-ന് മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത് രാത്രി 9.58-നാണെന്നും കണ്ടെത്തിയിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് 2018 ഡിസംബർ 13ന് മെമ്മറി കാർഡ് പരിശോധിച്ചു. ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനാണ് നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
മെമ്മറി കാർഡ് ഉപയോഗിച്ചത് വിവോ ഫോൺ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു. ശിരസ്തദാർ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങൾ കണ്ടതെന്നാണ് റിപ്പോർട്ടിലുള്ളത്. വിചാരണ കോടതിയിൽ മെമ്മറി കാർഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസ് പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. 2019 നവംബർ 29നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയത്. മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ മൊബൈൽ ഫോണോ ദൃശ്യം പകർത്താൻ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. എഫ്എസ്എൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാർഡ് പരിശോധിക്കാനായിരുന്നു നിർദ്ദേശം. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കേസിൽ പ്രതിയായിരുന്ന ദിലീപിനെയും സംഘത്തെയും കോടതി ദൃശ്യങ്ങൾ കാണിച്ചത്.
ഇത്തരത്തിൽ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചായിരുന്നു ശിരസ്ത്ദാർ താജുദ്ദീനെ മെമ്മറി കാർഡ് ഏൽപ്പിച്ചതെന്ന് പരാതി ഉയർന്നിരുന്നു. താജുദ്ദീൻ സ്വന്തം മൊബൈലിൽ മെമ്മറി കാർഡ് പരിശോധിച്ചു. മെമ്മറി കാർഡ് പരിശോധിച്ച മൊബൈൽ ഫോൺ നഷ്ടമായെന്നാണ് താജുദ്ദീന്റെ മൊഴി നൽകിയത്. അതേസമയം, വിചാരണക്കോടതിയിൽ മെമ്മറി കാർഡ് കൈകാര്യം ചെയ്തതിൽ ദുരൂഹതയെന്നായിരുന്നു അതിജീവിതയുടെ ആരോപണം.
