നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പർ തയ്യാറാക്കുന്നവർ കനത്ത സുരക്ഷയിൽ; ഫോണും ഇന്റർനെറ്റും വിലക്കി

news image
Jun 8, 2026, 8:04 am GMT+0000 payyolionline.in

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച തടയാൻ അതീവ സുരക്ഷാ മുൻകരുതലുകളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരെയും അത് വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നവരെയും പൂർണ്ണമായും ബാഹ്യലോകവുമായി ബന്ധമില്ലാത്ത ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ജൂൺ 21-ന് പരീക്ഷ അവസാനിക്കുന്നത് വരെ ഇവർക്ക് ഈ കേന്ദ്രത്തിൽ നിന്ന് പുറത്തുപോകാൻ അനുമതിയുണ്ടാകില്ല.

​ചോദ്യപേപ്പർ ചോരാതിരിക്കാൻ ഏർപ്പെടുത്തിയ ബഹുതല സുരക്ഷാ ക്രമീകരണങ്ങളുടെ ആദ്യപടിയായാണ് ഈ നടപടി. ഈ കേന്ദ്രത്തിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് തുടങ്ങിയ യാതൊരുവിധ ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിക്കാൻ അനുവദിക്കില്ല. അടിയന്തര സാഹചര്യങ്ങളിൽ ചില ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും പുറത്തുപോകാൻ അനുമതിയുള്ളത്. ഇവരുടെ പുറത്തുപോക്കും തിരിച്ചുവരവും കൃത്യമായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും.

​കഴിഞ്ഞ മേയ് മാസം നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് വലിയ രീതിയിലുള്ള വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ച സാഹചര്യത്തിലാണ് ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ അതീവ ജാഗ്രതയോടെയും കൺശമായ സുരക്ഷയോടെയും നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe