വടകര: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പിടിച്ചുലച്ച ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദത്തിൽ ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കെതിരെ അന്വേഷണം ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ‘പോരാളി ഷാജി’, ‘അമ്പാടിമുക്ക് സഖാക്കൾ’ തുടങ്ങിയ പ്രമുഖ ഇടത് സൈബർ പേജുകളുടെയും ഗ്രൂപ്പുകളുടെയും അഡ്മിന്മാരെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മുൻപ് കേസ് അവസാനിപ്പിക്കാൻ പോലീസ് നീക്കം നടത്തിയിരുന്നെങ്കിലും, പുതിയ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്കെതിരെ കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തുന്ന കാര്യവും പോലീസിന്റെ സജീവ പരിഗണനയിലാണ്.
തെരഞ്ഞെടുപ്പ് കാലത്ത് വർഗീയ ധ്രുവീകരണത്തിന് വഴിമരുന്നിട്ട വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതിന് പിന്നിലെ യഥാർത്ഥ സൂത്രധാരന്മാരെയും ഗൂഢാലോചനയെയും പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
