‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി; അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് എസ്‌ഐമാരെ ചോദ്യം ചെയ്യും; നോട്ടീസ് നൽകി

news image
Jun 4, 2026, 4:13 am GMT+0000 payyolionline.in

ആലപ്പുഴ: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിക്കാൻ എഡിജിപി എംആർ അജിത് കുമാറിന്റെ ഓഫീസിൽ ശ്രമം നടന്നെന്ന മൊഴിയിൽ എസ്‌ഐമാർക്ക് നോട്ടീസ്. അജിത് കുമാറിന്റെ ഓഫീസിൽ ഉണ്ടായിരുന്ന ഗ്രേഡ് എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എസ്‌ഐടി നോട്ടീസ് നൽകിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ റിപ്പോർട്ട് പരിശോധിച്ചത് ഈ ഉദ്യോഗസ്ഥരായിരുന്നു.

എംആർ അജിത് കുമാറിന്റെ ഓഫീസ് ആലപ്പുഴ ‘രക്ഷാപ്രവർത്തന’ത്തിലെ പൊലീസ് റിപ്പോർട്ട് തിരുത്താൻ സമ്മർദം ചെലുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. അജിത് കുമാറിന്റെ നിർദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും നേരിട്ട് തിരുത്തിയെന്നും മൊഴിയിലുണ്ട്.

എന്നാൽ കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം. ജീവനക്കാരായ രണ്ട് ഗ്രേഡ് എസ്‌ഐമാർ ഇതിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് അവരുടെ ഉത്തരവാദിത്തമല്ലെന്നും അജിത് കുമാർ പറഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥരോട് അനൗദ്യോഗികമായിട്ടാണ് ഈ വിശദീകരണം എഡിജിപി നൽകിയത്. എന്നാൽ, കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe