പയ്യോളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്; ബസ് ഡ്രൈവർ ഓടിരക്ഷപ്പെട്ടു

news image
Jun 1, 2026, 3:57 pm GMT+0000 payyolionline.in

പയ്യോളി: ദേശീയപാത സർവീസ് റോഡിലെ പേരാമ്പ്ര റോഡ് ജംഗ്ഷനിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. ഇരിങ്ങൽ കുന്നങ്ങോത്ത് മെൽവിൻ എസ്. ഗോവിന്ദ്, സഹപാഠിയായ വിദ്യാർത്ഥിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് അപകടം നടന്നത്.

പേരാമ്പ്ര റോഡിൽ നിന്ന് ദേശീയപാത സർവീസ് റോഡിലേക്ക് അമിതവേഗതയിലെത്തിയ ‘കുറുങ്ങോട്ട്’ ബസ് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി. ബൈക്കിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ ഇരുവർക്കും ഉടൻ തന്നെ ചികിത്സ ലഭ്യമാക്കി.

പയ്യോളി അങ്ങാടിയിലെ സഹപാഠിയുടെ വീട്ടിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാക്കിയ ഉടൻ തന്നെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe