കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച 23 കാരന്റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിൽ എത്തിച്ചു. കണ്ണൂർ ആസ്റ്റർ മിംസിൽ നിന്നും രാവിലെ ഒമ്പതരയോടെ ഹൃദയം കന്റോൺമെന്റ് ഡിഎസ്സി സെന്ററിൽ എത്തിച്ചു.
സർക്കാറിന്റെ എയർ ആംബുലൻസിൽ ആണ് ഹൃദയം കൊച്ചിയിലേക്ക് എത്തിച്ചത്. 50 മിനിറ്റ് കൊണ്ട് കണ്ണൂരിൽ നിന്ന് എയർ ആംബുലൻസ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഹെലിപാഡിൽ എത്തി. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയ ഡോക്ടർമാരുടെ വിദഗ്ധസംഘം ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു. 48 കാരനായ മലപ്പുറം സ്വദേശിക്കാണ് ഹൃദയം മാറ്റിവെക്കുന്നത്.
23 കാരന്റെ ഹൃദയമടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്തത്. കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചു. ബുധനാഴ്ച രാത്രി ഒരു മണിയോടെ കണ്ണൂർ വളക്കൈയിലുണ്ടായ വാഹനാപകടത്തിലാണ് 23കാരന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തയ്യാറാവുകയായിരുന്നു.
