ആ മരണങ്ങളിൽ ദുരൂഹത? അഖിലയുടെ മുൻ ഭർത്താവിന്റെയും ഡാൻസ് സ്‌കൂളിലെ ജീവനക്കാരിയുടെയും മരണത്തിൽ അന്വേഷണം

news image
Jun 1, 2026, 5:44 am GMT+0000 payyolionline.in

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. അർഷിദിന്റെ അമ്മയും കേസിലെ പ്രതിയുമായ അഖിലയിലേക്ക് അടക്കമാണ് അന്വേഷണം വ്യാപിപ്പിക്കുക. അർഷിദിന്റെ പിതാവും അഖിലയുടെ ആദ്യ ഭർത്താവുമായ അഖിലിന്റെ മരണത്തിലും അഖിലയ്‌ക്കൊപ്പം ഡാൻസ് സ്‌കൂളിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മരണവും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. രണ്ട് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

അഖിലയുടെയും അഖിലിന്റെയും പ്രണയ വിവാഹമായിരുന്നു. അഖില അർഷിദിനെ ഗർഭം ധരിച്ചിരിക്കെയായിരുന്നു അഖിലിന്റെ മരണം. അഖിൽ ജീവനൊടുക്കിയതാണെന്നാണ് പിതാവ് സുനിൽ കുമാർ പറഞ്ഞത്. അഷ്‌കറിന് മുൻപ് അഖിലയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യം അഖിൽ അറിഞ്ഞെന്നും പിന്നീട് വിഷയം പൊലീസ് സ്റ്റേഷൻ വരെ എത്തിയിരുന്നതായും സുനിൽ കുമാർ പറഞ്ഞിരുന്നു. പൊലീസ് സ്റ്റേഷനിൽ വെച്ച് അഖിലുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി അഖില പറഞ്ഞു. ഇതിന് പിന്നാലെ വീട്ടിൽ എത്തിയ അഖിൽ ജീവനൊടുക്കുകയായിരുന്നു എന്നും സുനിൽ കുമാർ പറഞ്ഞിരുന്നു. അഖിലിന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ വിശദമായി തന്നെ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

അഖിലയ്‌ക്കൊപ്പം ഡാൻസ് സ്‌കൂളിൽ ജോലി ചെയ്തിരുന്ന യുവതി ചിറയിൻകീഴ് സ്വദേശിനിയാണ്. ഇതേ സ്‌കൂളിലെ ഡ്രൈവറായിരുന്ന അഷ്‌കറുമായി യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാൽ അഷ്‌കർ വിവാഹത്തിൽ നിന്ന് പിന്മാറുകയും അഖിലയ്‌ക്കൊപ്പം താമസിക്കാനും തുടങ്ങി. ഇതിന് പിന്നാലെയായിരുന്നു യുവതിയുടെ മരണം. മരണത്തിന് പിന്നിൽ അഖിലയ്ക്കും അഷ്‌കറിനും പങ്കുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കും. ഇതോടൊപ്പം തന്നെ കുഞ്ഞിന്റെ കൊലപാതകത്തിൽ അഷ്‌കറിന്റെ മാതാവിന്റെയും സഹോദരിയുടെയും പങ്കിലും അന്വേഷണം നടക്കും. ഇരുവരും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവരിലേക്കും അന്വേഷണം നീളും.

കുഞ്ഞിനെ അഷ്‌കർ മർദ്ദിക്കുന്നത് അഖില നോക്കിനിന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വടികൊണ്ട് അടിക്കുന്നതും മർദ്ദിക്കുന്നതും അഖില കണ്ടിരുന്നു. കുഞ്ഞ് ക്രൂര മർദ്ദനവും പീഡനവും നേരിട്ടിട്ടും അഖില പ്രതികരിച്ചിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്താൻ തന്നെയായിരുന്നു അഷ്‌കറിന്റെ ലക്ഷ്യമെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. അഖില ഇതിന് കൂട്ടുനിന്നിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിക്കും. കുഞ്ഞ് മരിക്കുന്ന ദിവസം അഖില എവിടെയായിരുന്നു എന്നതടക്കം പൊലീസിന്റെ അന്വേഷണ പരിധിയിൽ ഉണ്ട്. സംഭവ ദിവസം തമിഴ്‌നാട്ടിൽ ഡാൻസ് പരിപാടിക്ക് പോയിരുന്നു എന്നായിരുന്നു അഖിലയുടെ മൊഴി. ഇക്കാര്യങ്ങളടക്കം പൊലീസ് വിശദമായി അന്വേഷിക്കും.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടയിൽ ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ പകുതിയും പഴയ മുറിവുകളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ അഷ്‌കർ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ കുഞ്ഞിനെ അഷ്‌കർ മർദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe