സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിനായി ഉത്തരക്കടലാസിന്റെ പകർപ്പുകൾക്കായി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. നാളെ രാത്രി 12 മണി വരെയാണ് സമയപരിധി. ഗുരുതരമായ സാങ്കേതിക പിഴവിനെ തുടർന്ന് അപേക്ഷ നൽകാൻ ആകുന്നില്ലെന്നതടക്കമുള്ള പരാതികൾ ഉയർന്നിരുന്നു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികൾ പരിഗണിച്ചാണ് സമീപരിധി നീട്ടിക്കൊണ്ട് സിബിഎസ്ഇ സർക്കുലർ ഇറക്കിയത്.
നരത്തെ അപേക്ഷ സമർപ്പിച്ച പലർക്കും ഇതുവരെയും പകർപ്പ് ലഭിച്ചില്ലെന്നും കൂടുതൽ ഫീസ് ഈടാക്കിയതായും വ്യാപക പരാതികൾ ലഭിച്ചു. തുടർന്ന് കൂടുതലായി ഈടാക്കിയ തുക തിരികെ നൽകാൻ സിബിഎസ്ഇ ധനമന്ത്രാലയത്തിന്റെ സഹായം തേടി. സാങ്കേതിക പിഴവുകൾ സംബന്ധിച്ച് റിപ്പോർട്ട് ഉടൻതന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് സമർപ്പിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു.
ഒരു വിഷയത്തിന്റെ ഉത്തരക്കടലാസ് എടുക്കാനുള്ള ഫീസ് 100 രൂപയാണ്. എന്നാൽ ഓൺലൈനിൽ 69,420 രൂപ കാണിച്ചതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. രണ്ടുദിവസം ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ച സിബിഎസ്ഇ, ഫീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സർക്കുലർ ഇറക്കുകയായിരുന്നു. അതേസമയം ഫീസടച്ചിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് നിരവധി വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല. ലഭിച്ച ഉത്തരക്കടലാസിന്റെ പകർപ്പുകളിൽ വ്യക്തതയില്ലെന്നും വിദ്യാർത്ഥികൾ വ്യാപകമായി ആക്ഷേപം ഉന്നയിച്ചിരുന്നു.
