ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾക്കിടയിൽ രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് പുതിയതായി വർധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വില ഉയർത്തുന്നത്. പുതിയ വർധനവോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 99.51 രൂപയായും ഡീസൽ വില 92.49 രൂപയായും ഉയർന്നു.
ഈ മാസം മേയ് 15, മേയ് 19 തീയതികളിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടിയിരുന്നു. മേയ് 19-ന് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയതെങ്കിൽ, മേയ് 15-ന് ലിറ്ററിന് മൂന്ന് രൂപ വീതമാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇന്ധനവിലയ്ക്കൊപ്പം തന്നെ രാജ്യത്ത് സിഎൻജി വിലയും വർധിപ്പിച്ചിട്ടുണ്ട്; കിലോഗ്രാമിന് രണ്ട് രൂപയാണ് സിഎൻജിക്ക് കൂട്ടിയത്. നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് അസംസ്കൃത എണ്ണവിലയിലുണ്ടായ വ്യതിയാനം ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇപ്പോൾ വില വീണ്ടും ഉയർത്തിയിരിക്കുന്നത്.
