കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മികച്ച എൻഫോഴ്സ്മെന്റ് പ്രവർത്തനം കാഴ്ചവെച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിനെ ജില്ലാ ഭരണകൂടം ആദരിച്ചു. തെരഞ്ഞെടുപ്പ് കാലയളവിൽ നിരോധിത പ്രിന്റിംഗ് വസ്തുക്കൾ പിടിച്ചെടുക്കുന്നതിനും കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങളിൽ കൃത്യമായ പരിശോധനകൾ ഉറപ്പുവരുത്തുന്നതിനും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
ജില്ലാ കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പുരസ്കാരം കൈമാറി. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി മൊത്തവിതരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് റെയ്ഡുകൾ നടത്തി നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചതിനാണ് ഈ അംഗീകാരം. ശുചിത്വമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ ഇ.ടി. രാഗേഷ്, അസിസ്റ്റന്റ് കോർഡിനേറ്റർ സി. സരിത്ത് എന്നിവർ പങ്കെടുത്തു.
ഷാഹുൽ ഹമീദിന് പുറമെ മികച്ച പ്രവർത്തനം നടത്തിയ കോഴിക്കോട് കോർപ്പറേഷൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, രാമനാട്ടുകര മുനിസിപ്പാലിറ്റി എന്നീ തദ്ദേശ സ്ഥാപനങ്ങൾക്കും കലക്ടർ അവാർഡുകൾ വിതരണം ചെയ്തു.
നേരത്തെ അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന സമയത്ത് മാലിന്യനിർമ്മാർജ്ജന രംഗത്ത് നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ ഷാഹുൽ ഹമീദിനെ തേടിയെത്തിയിട്ടുണ്ട്. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസറായി സേവനമനുഷ്ഠിച്ച വേളയിൽ സർക്കാരിന്റെ ‘ഗുഡ് സർവീസ് എൻട്രി’ക്കും അദ്ദേഹം അർഹനായിരുന്നു.
