നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, ചോദ്യപേപ്പർ കിട്ടിയെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളെ ചോദ്യം ചെയ്തേക്കും

news image
May 14, 2026, 4:01 am GMT+0000 payyolionline.in

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം കേരളത്തിലേക്ക്. ചോദ്യപേപ്പർ കിട്ടിയെന്ന് രാജസ്ഥാൻ പൊലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ ലിസ്റ്റിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരും ഉണ്ടെന്നാണ് വിവരം. ഇതിനിടെ നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്ത ദിനേഷ് ബിൻവാൾ ബിജെപി നേതാവ് എന്ന് കോൺഗ്രസ് ആരോപിച്ചു.

ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാൻ പൊലീസിന്റെ പ്രത്യേക സംഘത്തിൽ നിന്ന് അന്വേഷണം ഇന്നലെ സിബിഐ ഏറ്റെടുത്തിരുന്നു. ജയ്പൂരിലെത്തിയ സിബിഐ സംഘം ഇതുവരെയുള്ള അന്വേഷണത്തിന്റെ രേഖകൾ ശേഖരിച്ചു. മാതൃകാ ചോദ്യപേപ്പർ എന്ന നിലയിൽ പ്രചരിച്ച ചോർത്തിയ ചോദ്യങ്ങൾ ആർക്കൊക്കെ കിട്ടി എന്നതിൽ രാജസ്ഥാൻ പൊലീസ് വിവരം ശേഖരിച്ചിരുന്നു. 200 വിദ്യാർത്ഥികളുടെയും 75 മാതാപിതാക്കളുടെയും വിവരങ്ങളാണ് രാജസ്ഥാൻ പൊലീസ് ശേഖരിച്ചത്. ഇതിൽ ചിലരെ പൊലീസ് ചോദ്യം ചെയ്തു. ഈ രേഖകൾ അടക്കമാണ് സിബിഐക്ക് കൈമാറിയത്. കൈമാറിയ രേഖയിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ള ചില വിദ്യാർത്ഥികൾക്കും മാതൃക ചോദ്യപേപ്പർ കിട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇവരെ സിബിഐ ചോദ്യം ചെയ്തേക്കും. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥി വഴിയാണ് സിക്കറിലേക്ക് ആദ്യഘട്ടത്തിൽ ചോർത്തിയ ചോദ്യപേപ്പർ എത്തിയത്. ഇയാൾ വഴിയാണോ കേരളത്തിലും ഇത് പ്രചരിച്ചതെന്ന് സിബിഐ അന്വേഷിക്കും. നിലവിൽ നാല് സംഘങ്ങളെയാണ് സിബിഐ അന്വേഷണത്തിനായി നിയോഗിച്ചത്.

അതേസമയം പരീക്ഷ പേപ്പർ ചോർച്ചയിൽ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്ത ദിനേഷ് ബിൻവാൾ ബിജെപി നേതാവാണെന്ന് കോൺഗ്രസ് ആരോപിച്ചു.ഇയാൾ ബിജെപി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചു. എന്നാൽ ബിജെപി ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ക്രമക്കേടിൽ സുപ്രീംകോടതി ഇടപെടൽ തേടി ഹർജി എത്തി. മെഡിക്കൽ സംഘടനയായ FAIMA ആണ് ഹർജി നൽകിയത്. എൻടിഎയ്ക്ക് പകരം സംവിധാനം വേണമെന്നും കോടതി മേൽനോട്ടത്തിൽ ആകണം വീണ്ടും പരീക്ഷ നടത്തേണ്ടതെന്നാണ് ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe