തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കേരളത്തിന്റെ വിധിയെഴുത്ത് അറിയാൻ കാത്തിരുന്ന് മുന്നണി നേതാക്കൾ. കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം തിരുവനന്തപുരത്തുതന്നെ തങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മടങ്ങി.
സി.പി.എം. ആസ്ഥാനമായ എ.കെ.ജി. സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടാകും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലാണുണ്ടാവുക.പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഔദ്യോഗികവസതിയായ കന്റോൺമെന്റ് ഹൗസിലാണുള്ളത്. അദ്ദേഹം മത്സരിച്ച പറവൂരിലേക്ക് പോകുന്നത് നിശ്ചയിച്ചിട്ടില്ല. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എന്നിവരെല്ലാം കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ ഉണ്ടാവും. സണ്ണി ജോസഫ് ഉച്ചയോടെ കണ്ണൂരിലേക്ക് മടങ്ങും.
എ.ഐ.സി.സി. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ്മുൻഷിയും കെ.പി.സി.സി. ആസ്ഥാനത്തുണ്ടാകും.യു.ഡി.എഫിന് വിജയമുറപ്പാക്കിയാൽ സർക്കാർ രൂപവത്കരണത്തിനുള്ള രാഷ്ട്രീയനടപടിയിലേക്ക് കടക്കാനുള്ള ഒരുക്കങ്ങളും കോൺഗ്രസ് തുടങ്ങി. ചൊവ്വാഴ്ച സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്നേക്കും. മുഖ്യമന്ത്രി സ്ഥാനം ആർക്ക് നൽകണമെന്നതിലായിരിക്കും പ്രധാന തർക്കം. ഇതിന് കോൺഗ്രസ് എം.എൽ.എ.മാരുടെ അഭിപ്രായത്തിനൊപ്പം, ഘടകകക്ഷികളുടെ അഭിപ്രായവും കേൾക്കാൻ സാധ്യതയുണ്ട്.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച ചേരും. കണ്ണൂരിൽ തങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. അന്ന് അവസാന മന്ത്രിസഭായോഗവും നിശ്ചയിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി എം.എ. ബേബി ഡൽഹിയിലാണുള്ളത്. എൽ.ഡി.എഫിന് വിജയമുറപ്പായാൽ അദ്ദേഹത്തിന്റെകൂടി സാന്നിധ്യത്തിലാകും ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുക. നേമവും കഴക്കൂട്ടവും ഉറപ്പായും ജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതിനാൽ, ആഘോഷിക്കാൻ അവരും തയ്യാറെടുപ്പിലാണ്.
