തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 79.70 ആയി രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. മെയ് ഒന്നു വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ആകെ 54,984 സർവീസ് വോട്ടുകൾ കൂടി വോട്ടെണ്ണലിൽ പരിഗണിക്കും. അന്തിമ പോളിങ് ശതമാനം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളും എട്ടരയോടെ ഇവിഎമ്മുകളും എണ്ണിത്തുടങ്ങും. വോട്ടെണ്ണൽ വേഗത്തിലാക്കുന്നതിനേക്കാൾ കൃത്യതയ്ക്കും സുതാര്യതയ്ക്കുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻഗണന നൽകുന്നത്. ഓരോ റൗണ്ടും കൃത്യമായി മനസ്സിലാക്കി മാത്രം അടുത്ത റൗണ്ടിലേക്ക് കടന്നാൽ മതിയെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഫോം സി അനുസരിച്ചുള്ള അന്തിമ ഫലപ്രഖ്യാപനം വൈകിട്ട് അഞ്ചുമണിയോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ തെറ്റുകൾ സംഭവിച്ചാൽ കർശന നടപടി സ്വീകരിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യൂആർ കോഡുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ രാവിലെ ഏഴ് മണിക്ക് വീഡിയോ റെക്കോർഡിംഗോട് കൂടി സ്ട്രോങ് റൂമുകൾ തുറക്കും. ഇവിഎം മെഷീനുകളിലെ ഫലമാണ് ആദ്യം ലഭ്യമാകുക.
വോട്ടെണ്ണൽ സുഗമമാക്കുന്നതിനായി 15,465 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 140 റിട്ടേണിങ് ഓഫീസർമാർ, 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാർ, 4208 സൂക്ഷ്മനിരീക്ഷകർ, 4208 കൗണ്ടിങ് സൂപ്പർവൈസർമാർ, 5563 കൗണ്ടിങ് അസിസ്റ്റന്റുമാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സുരക്ഷാ ക്രമീകരണങ്ങൾക്കായി 32,301 പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മെയ് ആറ് വരെ തുടരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
