ഒളവണ്ണയിൽ ഡെങ്കിപ്പനി പടരുന്നു: ഇരിങ്ങല്ലൂരിൽ മാത്രം 44 കേസുകൾ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

news image
Apr 19, 2026, 3:58 am GMT+0000 payyolionline.in

പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. നിലവിൽ 47 പേർക്കാണ് ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഒന്നാം വാർഡായ ഇരിങ്ങല്ലൂരിലാണ് (44 പേർ). നാലാം വാർഡായ പാലാഴിയിൽ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. പനിയുടെ ലക്ഷണങ്ങളുമായി നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. ഇവരുടെ പരിശോധനാ ഫലങ്ങൾ വരുന്നതോടെ രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കും.

​രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും സംയുക്തമായി ശക്തമായ പ്രതിരോധ നടപടികൾ ആരംഭിച്ചു. ജില്ലാ വെക്‌ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊതുകുകളുടെ ഉറവിടം കണ്ടെത്താനും നശിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വീടിനുള്ളിലെ ഇൻഡോർ സ്പ്രയിങ്, മലിനജലം കെട്ടിക്കിടക്കുന്ന ഇടങ്ങൾ ശുചീകരിക്കൽ, ലാർവ പരിശോധന എന്നിവയ്‌ക്കൊപ്പം പൊതുജനങ്ങൾക്കായി വിപുലമായ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

​ഒളവണ്ണ എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. എ.ആർ. സിന്ധുകല, ഹെൽത്ത് സൂപ്പർവൈസർമാരായ കിഷോർ, വി.കെ. പത്മനാഭൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ആർ. സന്തോഷ് കുമാർ എന്നിവരാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പനി ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe