തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരിച്ച ജെ.എസ്. സിദ്ധാർത്ഥന്റെ അമ്മ ഷീബ. നിതിന്റെ മരണത്തിൽ അധ്യാപകരെ സസ്പെൻഡ് ചെയ്ത നടപടിയെല്ലാം വെറും പുകമറയാണെന്നും അവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാനും ശമ്പളം വാങ്ങാനും തടസ്സമുണ്ടാകില്ലെന്നും ഷീബ പറഞ്ഞു. നിതിൻ രാജിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അവരുടെ പ്രതികരണം.
സിദ്ധാർത്ഥിന്റെ മരണശേഷം ഇതാദ്യമായാണ് താൻ വീടിന് പുറത്തിറങ്ങുന്നതെന്ന് വിതുമ്പിക്കൊണ്ട് ഷീബ പറഞ്ഞു. “ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല. ആർക്കും ഒരു പേടിയുമില്ല. ശിക്ഷാ ഇളവുകൾ ഉള്ളതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. റിസർവേഷനിൽ അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് വലിയ രീതിയിലുള്ള അധിക്ഷേപം നേരിടേണ്ടി വരുന്നുണ്ട്,” അവർ പറഞ്ഞു. സിദ്ധാർത്ഥ് ഉപയോഗിച്ചിരുന്ന പേഴ്സും ബെൽറ്റും കണ്ണടയും പോലും ഇതുവരെ അധികൃതർ തിരിച്ചുനൽകിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. വകുപ്പ് മേധാവിയിൽ നിന്നുള്ള ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് നിതിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. നിതിനെ വകുപ്പ് മേധാവി ‘പുഴുത്ത പട്ടി’ എന്ന് വിളിച്ചിരുന്നതായി അമ്മ ലത ആരോപിച്ചു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയോട് യുവജന കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ പത്തിനാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് കെട്ടിടത്തിൽ നിന്നും വീണ് നിതിൻ മരിച്ചത്. സീനിയർ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുള്ള റാഗിങ്ങും മരണത്തിന് കാരണമായതായി കുടുംബം സംശയിക്കുന്നുണ്ട്.
