വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോറോടിൽ റെയിൽവേ മേൽപ്പാലത്തിനായി നിർമ്മിച്ച കൂറ്റൻ ബോ സ്ട്രിങ് സ്റ്റീൽപ്പാലം റെയിൽവേ ട്രാക്കിന് കുറുകെ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. റോളറിന് മുകളിൽ സജ്ജീകരിച്ച പാലം ക്രെയിനിന്റെ സഹായത്തോടെ വ്യാഴാഴ്ച രാത്രിയോടെയാണ് നാല് മീറ്ററോളം മുന്നോട്ടേക്ക് നീക്കിയത്. വെള്ളിയാഴ്ചയും ഈ പ്രവൃത്തി തുടർന്നു.
വളരെയധികം ഭാരമുള്ള സ്റ്റീൽപ്പാലം അതീവ ജാഗ്രതയോടെയാണ് നീക്കുന്നത്. ഇതിനായി ട്രാക്കിന് ഇരുവശത്തെയും തൂണുകളെ ബന്ധിപ്പിച്ച് ഇരുമ്പ് ഗർഡറുകളും അതിനു മുകളിൽ റെയിലുകളും സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന്റെ മുൻവശത്ത് രണ്ട് വശങ്ങളിലായി ഘടിപ്പിച്ച ഇരുമ്പ് കയറുകൾ ക്രെയിൻ ഉപയോഗിച്ച് വലിക്കുമ്പോൾ റോളറുകൾ വഴി പാലം പതിയെ മുന്നോട്ട് നീങ്ങുന്ന രീതിയാണ് അവലംബിക്കുന്നത്. ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ പാലത്തിന്റെ ഒരുഭാഗം മറുവശത്ത് എത്തിക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
പാലം കുറച്ചുദൂരം കൂടി മുന്നോട്ട് നീക്കിയ ശേഷം, പാലം സജ്ജീകരിക്കാനായി ചോറോട്-ചേന്ദമംഗലം റോഡിൽ നിർമ്മിച്ച കോൺക്രീറ്റ് ഭാഗങ്ങൾ പൊളിച്ചുനീക്കും. ഇതിന് ശേഷമായിരിക്കും ക്രെയിൻ റോഡിന്റെ മറുവശത്തേക്ക് എത്തിക്കുക. ഒരു വർഷം മുൻപാണ് ചോറോടിൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. ആറുമാസം മുൻപ് പണി പൂർത്തിയായെങ്കിലും ട്രെയിൻ ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള റെയിൽവേയുടെ സുരക്ഷാ അനുമതി ലഭിക്കാനുണ്ടായ താമസമാണ് പ്രവൃത്തി നീണ്ടുപോകാൻ കാരണമായത്. പാലം സ്ഥാപിക്കുന്നതിനായി ചോറോട്-ചേന്ദമംഗലം റോഡ് നിലവിൽ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
