ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

news image
Apr 10, 2026, 3:31 am GMT+0000 payyolionline.in

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുന്നത്. നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ വിമർശിച്ചതിന്റെ വൈരാഗ്യത്തെ തുടർന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്റെ വാദം. കേസിൽ ഡിജിറ്റൽ തെളിവുകൾ അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രഞ്ജിത്തിനെ കാരവാനിൽ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.

സമാനമായ കേസിൽ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് പ്രതിച്ചേർക്കപ്പെട്ടതിൽ അസ്വാഭാവികതയില്ലെന്നും ജാമ്യം നൽകി വിട്ടാൽ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിക്കും.

സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe