ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് എൻഡിഎ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്; പിൻവലിച്ചു

news image
Apr 9, 2026, 8:45 am GMT+0000 payyolionline.in

പാലക്കാട്: ചിറ്റൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് എൻഡിഎ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്, നമ്മുടെ ചിഹ്നം മോതിരം, വോട്ട് എൽഡിഎഫിന് എന്നാണ് പ്രണേഷ് രാജേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞത്. എന്നാൽ വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. രണ്ട് മുന്നണികളും ഒന്നാണെന്നും രണ്ടുപേർക്കുമുളള അജണ്ട ഒന്നാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ പറഞ്ഞു. അതേസമയം, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് പ്രണേഷ് രാജേന്ദ്രന്റെ വിശദീകരണം.

‘ജനാധിപത്യത്തെ അപഹസിക്കുന്ന കോൺഗ്രസിനെതിരെ ചിറ്റൂർ തിരിച്ചടിക്കും. രാഷ്ട്രീയം പറഞ്ഞ് വോട്ടുപിടിക്കാൻ കഴിയില്ലെന്ന ബോധ്യമായപ്പോൾ, തരംതാഴ്ന്ന വേലത്തരങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ചിറ്റൂരിലെ കോൺഗ്രസ് നേതൃത്വം. വടകരപ്പതി പഞ്ചായത്തിലെ വിവിധ ബൂത്തുകൾക്ക് മുന്നിൽ അപര സ്ഥാനാർത്ഥിയുടെ ചിഹ്നം പ്രചരിപ്പിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത് അവരുടെ രാഷ്ട്രീയ ജീർണ്ണതയുടെ തെളിവാണ്’ എന്നാണ് പ്രണേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

ജനങ്ങളോട് ഞങ്ങൾക്ക് പറയാനുളളത്, അഡ്വ. വി മുരുകദാസിന്റെ ചിഹ്നമായ മോതിരത്തിന് പകരം സമാനമായ ചിഹ്നങ്ങൾ പ്രചരിപ്പിക്കുന്നത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനാണ്. തെരഞ്ഞെടുപ്പിന്റെ തലേന്ന് സമാധാനാന്തരീക്ഷം തകർക്കാനുളള ഇത്തരം ഗുണ്ടാവിളയാട്ടങ്ങൾ ചിറ്റൂരിന്റെ ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണ്. നാടിന്റെ നന്മയും വികസനത്തുടർച്ചയും ആഗ്രഹിക്കുന്ന ചിറ്റൂരിലെ പ്രബുദ്ധരായ ജനത ഈ കുത്സിത നീക്കങ്ങൾ തളളിക്കളയും. നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്. നമ്മുടെ ചിഹ്നം മോതിരം. വോട്ട് എൽഡിഎഫിന്- എന്നും പ്രണേഷിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. സംഭവം വിവാദമായതോടെ പ്രണേഷ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe