പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതമാർക്ക് ഫെന്നി നൈനാൻ്റെ ഭീഷണി. അതിജീവിതയും കുടുംബവും ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നാണ് ഫെന്നി നൈനാൻ്റെ ഭീഷണി. രണ്ടാമത്തെ അതിജീവിതയെ നാടകക്കാരിയെന്നും ഫെന്നി അധിക്ഷേപിച്ചു. അതിജീവിതമാർ വ്യാജ പരാതിക്കാരികളാണെന്നും ഫെന്നി നൈനാൻ ആക്ഷേപിച്ചു. ഫേസ്ബുക്കിലൂടെയാണ് ഫെന്നി നൈനാൻ്റെ പ്രതികരണം.
അതിജീവിതമാർ പൊലീസിൽ പരാതി നൽകിയത് ചൂണ്ടിക്കാട്ടിയാണ് ഫെന്നിയുടെ ഭീഷണി. ആ പെൺകുട്ടി കഴിഞ്ഞ ദിവസം പരാതി നൽകി. താൻ സൈബർ അറ്റാക്ക് ചെയ്തെന്നാണ് പറയുന്നത്. എവിടെയാണ് സൈബർ അറ്റാക്ക് നടന്നതെന്ന് ഫെന്നി ചോദിച്ചു. അന്ന് താൻ പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു. ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും. തനിക്കെതിരെ കള്ളക്കേസ് കൊടുത്ത താങ്കളെ നിയമപരമായും പൊതു സമൂഹത്തിന് മുന്നിലും തുറന്നു കാണിക്കും. അപ്പോൾ ഈ വ്യാജ ഐഡന്റിറ്റിയും പൊലീസ് ബന്ധവും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരി എന്ന നാടകവുമൊക്കെ പൊളിയും. ഇന്ന് പ്രോത്സാഹിപ്പിക്കുന്നവർ അന്ന് കാണില്ലെന്നും ഫെന്നി നൈനാൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
സോറി,
പോസ്റ്റ് ഇടാൻ രണ്ടുമൂന്നു ദിവസം വൈകി. ചില അന്വേഷണങ്ങളിൽ ആയിരുന്നു. അത് പൂർത്തിയായില്ല, പൂർത്തിയായിട്ട് വിശദമായി തന്നെ എഴുതാം. ഇപ്പോൾ ഒരുപാട് തവണ വന്ന ബിഗ് ബ്രേക്കിങ്ങുണ്ട് “ഫെന്നി നൈനാൻ അതിജീവിതയെ സൈബർ അറ്റാക്ക് നടത്തിയതിന് എതിരെ കേസ്” ഈ ബ്രേക്കിംഗ് ചെയ്ത വാർത്തകളുടെ പിന്നീടുള്ള വാർത്തകൾ കൊടുക്കാൻ മാധ്യമങ്ങൾക്ക് താൽപര്യം ഇല്ലാത്തത് കൊണ്ട് ഞാൻ തന്നെ പറയാം.
കാനഡയിൽ ഉള്ള പരാതിക്കാരി എനിക്ക് എതിരെ കേസ് കൊടുത്തു. അത് വലിയ വാർത്ത ആയി. പൊലീസ് ആ കേസ് അന്വേഷിച്ചിട്ട് അതിൽ കഴമ്പില്ല എന്ന് കണ്ടെത്തി അവരത് അത് അർഹിക്കുന്ന കുപ്പയിൽ വലിച്ചു എറിഞ്ഞു. ഞാൻ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആണ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടോ മിണ്ടിയിട്ടോ ഇല്ലാത്ത ബാംഗ്ലൂർ പഠിക്കുന്ന ഒരു പെൺകുട്ടി ഞാൻ അതിനെ തട്ടിക്കൊണ്ട് പോവുകയും ഒരു ഹോം സ്റ്റേയിൽ എത്തിക്കുകയും ചെയ്ത് അവിടെ വെച്ച് രാഹുൽ എംഎൽഎ പീഡിപ്പിച്ചു എന്ന കള്ളക്കേസ് കൊടുത്തത്.
അത് അന്ന് വലിയ വാർത്ത ആവുകയും എന്റെ തെരഞ്ഞെടുപ്പിനെ പോലും ബാധിക്കുകയും ചെയ്തു. അത്ര ഗുരുതരമായ ഒരു ആരോപണം ആയിട്ട് കൂടി എന്നെ ഒരു വട്ടം പൊലീസ് കാര്യങ്ങൾ അന്വേഷിച്ചത് അല്ലാതെ പ്രതി ആക്കിയില്ല എന്ന് പറയുമ്പോൾ തന്നെ ആ പരാതിയിലെ കള്ളത്തരം മനസ്സിൽ ആയല്ലോ. ആ പെൺകുട്ടി കഴിഞ്ഞ ദിവസം വീണ്ടും പരാതി കൊടുത്തിരിക്കുന്നു, ഞാൻ അതിനെ സൈബർ അറ്റാക്ക് ചെയ്തു എന്ന്. എവിടെയാണ് സൈബർ അറ്റാക്ക് നടന്നത്?
അന്നു ഞാൻ പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു, ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും. എനിക്ക് എതിരെ കള്ളക്കേസ് കൊടുത്ത താങ്കളെ നിയമപരമായും പൊതു സമൂഹത്തിന് മുന്നിലും തുറന്നു കാണിക്കും. അപ്പോൾ ഈ വ്യാജ ഐഡന്റിറ്റിയും പൊലീസ് ബന്ധവും ബാംഗ്ലൂർ സ്ഥിരതാമസക്കാരി എന്ന നാടകവും ഒക്കെ പൊളിയും, പൊളിക്കും. രണ്ടാമത്തെ പരാതിക്കാരിയോട് പറയാം, ആരോക്കെ ഈ കേസ് വിട്ടാലും ഞാൻ വിടില്ല. ഒരു വ്യാജ പരാതി കൊടുത്താൽ ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തും താങ്കളും താങ്കളുടെ കുടുംബവും നന്നായി അറിയും. ഇന്ന് പ്രോത്സാഹിപ്പിക്കുന്നവർ അന്ന് കാണില്ല. അപ്പോൾ ഇനി നമ്മൾ നേരിട്ട്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ പീഡനാരോപണ പരാതിയിൽ സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ ഫെന്നി നൈനാനെ പ്രതി ചേർത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാനായി രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാൻ ഉണ്ടായിരുന്നെന്നും കാർ ഓടിച്ചത് അദ്ദേഹമാണെന്നും രണ്ടാമത്തെ അതിജീവിത പരാതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പല തവണ ഫെന്നി പരാതിക്കാരിയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
