‘യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി’; യു.ഡി.എഫ് കാലത്ത് 4.43 ലക്ഷം വീടുകൾ നൽകിയെന്ന് സതീശൻ

news image
Mar 29, 2026, 8:52 am GMT+0000 payyolionline.in

തിരുവനന്തപുരം: ഭവനപദ്ധതിയെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള പോര് മുറുകുന്നു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 4,43,000 വീടുകൾ നിർമ്മിച്ചു നൽകിയെന്ന തന്റെ വാദം നുണയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്നും കണക്കുകൾ നിയമസഭാ രേഖകളിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതി വരുന്നതിന് മുൻപ് വിവിധ ഭവന പദ്ധതികൾ സംയോജിപ്പിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ ഇത്രയും വീടുകൾ പൂർത്തിയാക്കിയത്. എൽ.ഡി.എഫ് സർക്കാരിലെ മന്ത്രിമാർ തന്നെ നിയമസഭയിൽ ചോദ്യങ്ങൾക്ക് നൽകിയ മറുപടികൾ ഇതിന് തെളിവാണ്. ഈ ഔദ്യോഗിക രേഖകൾ നിരത്തിയാണ് മുഖ്യമന്ത്രിയുടെ ആരോപണങ്ങളെ പ്രതിപക്ഷ നേതാവ് പ്രതിരോധിച്ചത്.

തിരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രി നുണകൾ പ്രചരിപ്പിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമി, ആർ.എസ്.എസ് ബന്ധങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉന്നയിക്കുന്ന കാര്യങ്ങളും അടിസ്ഥാനരഹിതമാണ്. വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe