തിരുവനന്തപുരം: ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്താൻ വാട്സ്ആപ്പ് വഴി ക്രൗഡ് ഫണ്ടിങ് നടന്നതായി സൂചന. അലുവ അതുലിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയ ജിം സന്തോഷിന്റെ കുടുംബത്തെ സഹായിക്കാൻ എന്ന പേരിലാണ് ക്രൗഡ് ഫണ്ടിങ് നടത്തിയത്. സന്തോഷിന്റെ സുഹൃത്തുക്കൾ ചേർന്നാണ് പണം പിരിച്ചത്. ഈ പണം അലുവ അതുലിന്റെ കൊലപാതകത്തിനായി ഉപയോഗിച്ചുവെന്നാണ് സംശയം. നിരോധിത സംഘടനകളുടെ ഫണ്ട് അതുൽ വധക്കേസ് പ്രതികൾക്ക് ലഭിച്ചോ എന്നറിയാൻ ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഗുണ്ടാ നേതാവായ അലുവ അതുലിനെ അക്രമിസംഘം നടുറോഡിലിട്ട് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ അതുൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഹാജരായി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജാമ്യത്തിലിറങ്ങിയാൽ എല്ലാ ശനിയാഴ്ചയും പൊലീസിനു മുന്നിൽ ഹാജരാകാൻ ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് കൃത്യമായി മനസിലാക്കിയാണ് പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തത്. ഒപ്പുവെച്ച് സ്റ്റേഷനിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ ആയിരുന്നു ആക്രമണം. ഇന്നോവ കാറിലെത്തിയ സംഘം അലുവ അതുൽ സഞ്ചരിച്ച വാഹനത്തെ ദേശീയപാതയ്ക്കായി എടുക്കുന്ന റോഡിലെ കുഴിയിലേക്ക് തട്ടിയിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. അതേസമയം അലുവ അതുലിനെ വെട്ടിക്കൊന്നവർ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കഴിഞ്ഞത് സിനിമാ നിർമാതാവിന്റെ കൊല്ലം വാളകത്തെ ക്വാറിയിലായിരുന്നുവെന്ന വിവരം റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. കൊലയിൽ നേരിട്ട് പങ്കെടുത്ത ബ്ലാക്ക് വിഷ്ണു, എ അനീർ, എസ് ഹുസൈൻ, ഷിനു പീറ്റർ എന്നിവർ അടക്കമുള്ള നാല് പേരാണ് ഇവരെന്ന് പൊലീസ് സ്ഥീരീകരിച്ചെങ്കിലും ആ വിവരം പൊലീസ് മറച്ചുവെയ്ക്കുകയായിരുന്നു. കൊല്ലം വാളകത്തെ ശിവശ ഗ്രാനൈറ്റ്സ് എന്ന ക്വാറിയിൽ കൊലപാതകത്തിന് ഉപയോഗിച്ച വാഹനങ്ങളും ദിവസങ്ങളോളം ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
സിനിമാ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെയും ശബരിമലയിലെ വിവാദ സ്വാമി സുനിൽ സ്വാമിയുടെയും ഉടമസ്ഥതയിലുള്ള ക്വാറിയിലെ സ്ഥിരം സാന്നിധ്യമായ ഈ കൊടുംക്രിമിനലുകൾ നാട്ടുകാരെ നിരന്തരം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട് എന്നതിന്റെ തെളിവുകളും റിപ്പോർട്ടറിന് ലഭിച്ചിരുന്നു.
